നഗര പ്രാന്തത്തിലെ ഒരു സ്കൂൾ. വെെകുന്നേരം മൂന്നുമണി സമയം. അധികം ബഹളമൊന്നുമില്ലാത്ത നേരത്താണ് അവരുടെ വരവ്. അവരെന്നു വച്ചാൽ ഒരു സ്ത്രീ. അവരുടെ കയ്യിൽ ഒരു ചുറ്റിക. കിതച്ചു മുഖമൊന്നു ചുവന്നിട്ടുണ്ട്. സ്കൂൾ ഗേറ്റ് കടന്നയുടനേ അവരാ ചുറ്റിക ഒന്നു മുറുകെപ്പിടിച്ചു. അവരുടെ വരവു കണ്ട പ്യൂൺ ജോസഫ് അവരുടെ അടുത്തേക്ക് ചെന്നു. എന്താ മേഡം? എന്തെങ്കിലും പ്രശ്നം? ആനി ടീച്ചറുടെ ക്ളാസേതാ? മേഡം പ്രശ്നം നമുക്ക് പറഞ്ഞു തീർക്കാം. താനങ്ങനെ പറഞ്ഞാൽ തീരുന്നതല്ല പ്രശ്നം. എന്നാ മാഡമിവിടെ നില്ല് ക്ളാസൊന്നു കഴിഞ്ഞോട്ടേ.. അവരെ അവിടെ നിർത്തി ജോസപ്പേട്ടൻ ആനിട്ടീച്ചറുടെയടുത്തേക്ക് പാഞ്ഞു. ആനി ടീച്ചറേ ദേ ഒരു ചേച്ചി ഒരു ചുറ്റികയുമായി ടീച്ചറെ അന്വേഷിക്കുന്നുണ്ട്.രണ്ടും കല്പ്പിച്ചാ.. കർത്താവേ ഇന്നലെ ക്ളാസിൽ താമസിച്ചു വന്നതിന് തല്ലുകൊടുത്ത ഷാജീടെ അമ്യച്ചിയാരിക്കും.ശ്ചൊ തല്ലണ്ടാരുന്നു. ഇനിപ്പോ രക്ഷപ്പെടണോലോ. ഹെഡ്മാസ്റ്റർ തന്നെ ശരണം. ഹെഡിനോട് കാര്യം പറഞ്ഞു. ദേ ടീച്ചറേ ഞാൻ പലപ്പോഴും പറഞ്ഞിട്ടുള്ളതാ കുട്ടികളെ ഇങ്ങനെ തല്ലരുതെന്ന്.ഇനി ഇതിനൊക്കെ സമാധാനം ഞാൻ പറയണം.എവിടെ..താനും വാടോ, ടീച്ചറിവിടെ ഓഫീസിലിരുന്നാമതി. ഹെഡ്മാസ്റ്റർ ചെല്ലുമ്പോഴും ചുറ്റിക മുറുകെപ്പിടിച്ചിരിക്കുകയായിരുന്നു അവർ. അതേ മാഡം ഒന്നു ക്ഷമിക്ക്.നിങ്ങൾ വിചാരിക്കുന്നപോലെ ആനിടീച്ചർ കുഴപ്പക്കാരിയൊന്നുമല്ല.പാവാ .. ആനിടീച്ചറുടെ ക്ളാസേതാ.. അയ്യോ എന്താ കാര്യമെന്നു പറയൂ. നിങ്ങള് കാര്യമൊന്നുംഅറിയണ്ട ക്ളാസേതാ? ഞാൻ കാലു പിടിക്കാം പ്ളീസ് കാര്യം പറഞ്ഞിട്ട് എന്തു വേണമെങ്കിലും ചെയ്തോളൂ... കഗര്യമോ..ദേ ഇന്നലത്തേതും കൂട്ടി മൂന്നാമത്തെ പാൻറാ മോൻ കീറുന്നത്.അവനിരിക്കുന്ന ബഞ്ച് നന്നായി ആടുന്നുണ്ട്.അതിൻറെ കാലുറപ്പിച്ചാൽ പാൻറ് ഇടയിൽപ്പെട്ടു കീറില്ല.അതിനാ ചുറ്റിക..!

Comments