"ഏതാണ് ഏറ്റവും രുചിയുള്ള കറി?" രവീന്ദ്രൻ മാഷിന്റെ കയ്യിൽ അങ്ങനെ ചില നമ്പറുകളൊക്കെയുണ്ട്. കുട്ടികളുടെ ശ്രദ്ധ ക്ലാസ്സിൽ നിന്നു തെറ്റുന്നു എന്നു കണ്ടാൽ മാഷ്‌ കണക്കിൽ നിന്ന് തെന്നും.. ഉച്ച കഴിഞ്ഞുള്ള ക്ലാസ്സ് ആയതു കൊണ്ടു ഉറക്കം സർവ സാധാരണം. ക്ലാസ്സ് ഉണർന്നു.. "ചെമ്മീൻ ചമ്മന്തിയുണ്ടെങ്കിൽ ഞാൻ ഒരു കലം ചോറുണ്ണും" ടോണിയുടെ ഉത്തരത്തിന് അവർ ആർത്തുചിരിച്ചു.. "സാമ്പാറാണ് ലോകത്തിലെ ഏറ്റവും നല്ല കറി" കൃഷ്ണ കുമാർ ഉറക്കെ പറഞ്ഞു.. "ഇറച്ചി ഫ്രൈ "മീൻ മോളൂസ്യം" "രസം" "പുളിങ്കറി" ആൻ മേരി അവരാരും കേൾക്കാത്ത വിഭവങ്ങളെ കുറിച്ച പറഞ്ഞു.. "തക്കാളി ഫ്രൈ" "മട്ടൻ ചാപ്സ്" "കൂൺകറി" "മുട്ട മസാല" "നാടൻ കോഴിക്കറി" "മോരുകറി" കേട്ടതും കേൾക്കാത്തതുമായ പല താരം രുചികളുടെ കൊതിപ്പിക്കുന്ന ഗന്ധം അവിടമാകെ ഒഴുകിപ്പരന്നു. കുട്ടികളുടെ നാവിൽ കപ്പലോടി.. "രാധ പറയൂ" പപ്പടക്കാരി ശാരദ ചേച്ചിയുടെ മകൻ രാധാകൃഷ്ണനെയാണ് മാഷ് ചൂണ്ടിയത്.. പാവമാണവൻ, പഠിക്കാൻ മിടുക്കനും.. ചിലർ കളിയാക്കി 'പപ്പടം' എന്നു വിളിക്കും, അവൻ ചിരിക്കും.. രാത്രി വൈകിയും അമ്മയെ പണിക്ക് സഹായിച്ചതിന്റെ ഉറക്കപിച്ചോടെ അവൻ എഴുന്നേറ്റു. എല്ലാ കണ്ണുകളും അവനിലേക്ക്. മുഖമുയർത്തി മാഷിന്റെ കണ്ണുകളിലേക്ക് നോക്കി ഒരു തിരക്കും കൂടാതെ അവൻ പറഞ്ഞു.. "വിശപ്പാണ് മാഷെ"... "വിശപ്പാണ് ഏറ്റവും രുചിയുള്ള കറി" രവീന്ദ്രൻ മാഷ് വല്ലാതെ അസ്വസ്ഥനായി, കണ്ണൊന്നു മങ്ങി, അദ്ദേഹത്തിന്റെ കൈകൾ കണ്ണടയിലേക്കുയർന്നു.. കേട്ടതിന്റെ പൊരുൾ മനസ്സിലാവാതെ കുട്ടികൾ പരസ്പരം നോക്കി.. "വിശപ്പാണ്..." "വിശപ്പാണ് ഏറ്റവും രുചിയുള്ള കറി...." കടപ്പാട് : അല്ലലില്ലാതെ 4 നേരം ശാപ്പാട് കഴിക്കുന്നവർക്കായി സമർപ്പിക്കുന്നു...

Comments