V.S
വി.എസ്. അച്യുതാനന്ദൻ
കേരളത്തിലെ പ്രമുഖ ഇടതുപക്ഷ രാഷ്ടീയ നേതാവും, ഇന്ത്യൻ സ്വാതന്ത്രസമര പോരാളിയുമാണ് വി.എസ്. അച്യുതാനന്ദൻ ഇദ്ദേഹം കേരളത്തിലെ ഇരുപതാമത്തെ മുഖ്യമന്ത്രിയായിരുന്നു. നിലവിൽ സിപിഎമ്മിന്റെ കേന്ദ്ര കമ്മിറ്റി അംഗമായ ഇദ്ദേഹം കേരളത്തിലെ ജീവിച്ചിരിക്കുന്ന ഏറ്റവും ജനസമ്മതിയുള്ള നേതാവായി വിലയിരുത്തപ്പെടുന്നു . ജനകീയ പ്രശ്നങ്ങളിലും പൊതു താല്പര്യമുള്ള വിഷയങ്ങളിലും നിർഭയം പ്രതികരിക്കുന്ന അച്യുതാനന്ദന് ഒരു ബഹുജനനേതാവിന്റെ പ്രതിച്ഛായ ആർജിക്കുവാൻ കഴിഞ്ഞിട്ടുണ്ട്. മതികെട്ടാനിലെ ഭൂമി കൈയേറ്റം, പ്ലാച്ചിമടയിലെ കുടിവെള്ള പ്രശ്നം, മറയൂരിലെ ചന്ദനക്കൊള്ള തുടങ്ങിയ ജനകീയ പ്രശ്നങ്ങൾ ബഹുജന ശ്രദ്ധയിൽ കൊണ്ടുവരുന്നതിൽ അച്യുതാനന്ദൻ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. 2006-ലെ പൊതു തെരഞ്ഞെടുപ്പിൽ ഇടതുപക്ഷമുന്നണിയെ അധികാരത്തിലെത്തിക്കുന്നതിൽ, പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള അച്യുതാനന്ദന്റെ 5 വർഷക്കാലത്തെ തിളക്കമാർന്ന പ്രവർത്തനം പ്രയോജനപ്പെട്ടിട്ടുണ്ട്.
1964ൽ ഇന്ത്യൻ കമ്യുണിസ്റ്റ് പാർട്ടി പിളർത്തി നാഷനൽ കൗൺസിൽ യോഗത്തിൽനിന്നിറങ്ങിപ്പോന്ന 32 പേരിൽ ജീവിച്ചിരിക്കുന്ന ഏക ആൾ ആയ വി.എസ് പാർട്ടി വേദികളിലും പാർലമെന്ററി രംഗത്തും കർക്കശക്കാരനായ നേതാവായാണ് വിലയിരുത്തപ്പെടുന്നത്. സമരത്തീച്ചൂളയിൽ വാർത്തെടുത്ത ജീവിതം എന്നാണ് അച്യുതാനന്ദനെ കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്. സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്കുവേണ്ടി നടത്തുന്ന ഇടപെടലുകളാണ് ഇദ്ദേഹത്തെ ശ്രദ്ധേയനാക്കുന്നത്. കേരള നിയമസഭകണ്ട ഏറ്റവും ശക്തനായ പ്രതിപക്ഷ നേതാക്കളിലൊരാളാണ് അച്യുതാനന്ദൻ.
കേരളത്തിലെ കർഷകത്തൊഴിലാളി സമരങ്ങളുടെ ഈറ്റില്ലമായി വിശേഷിപ്പിക്കപ്പെടുന്ന ആലപ്പുഴ ജില്ലയിലെ പുന്നപ്രയിൽ വേലിക്കകത്ത് വീട്ടിൽ ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്ടോബർ 20-ന് ജനിച്ചു. നാലു വയസ്സുള്ളപ്പോൾ അമ്മയും പതിനൊന്നാം വയസ്സിൽ അച്ഛനും മരിച്ചതിനെത്തുടർന്ന് അച്ഛന്റെ സഹോദരിയാണ് അച്യുതാനന്ദനെ വളർത്തിയത്. അച്ഛൻ മരിച്ചതോടെ ഏഴാം ക്ളാസ്സിൽ വച്ച് പഠനം അവസാനിപ്പിച്ച ഇദ്ദേഹം ജ്യേഷ്ഠന്റെ സഹായിയായി കുറെക്കാലം ജൗളിക്കടയിൽ ജോലി നോക്കി. തുടർന്നു കയർ ഫാക്ടറിയിലും ജോലി ചെയ്തു. അവിടെ വെച്ചാണ് തൊഴിലാളികളുടെ ദുരിതം നേരിട്ട് മനസ്സിലാക്കുന്നത്.നിവർത്തനപ്രക്ഷോഭം നാട്ടിൽ കൊടുമ്പിരികൊണ്ടിരുന്ന കാലമായിരുന്നു ഇത്. ഇതിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട അച്യുതാനന്ദൻ 1938-ൽ സ്റ്റേറ്റ് കോൺഗ്രസ്സിൽ അംഗമായി ചേർന്നു. തുടർന്ന് പുരോഗമന പ്രസ്ഥാനങ്ങളിലും ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിലും സജീവമായ ഇദ്ദേഹം 1940-ൽ കമ്യൂണിസ്റ്റ് പാർട്ടി മെമ്പറായി.
പുന്നപ്ര-വയലാർ സമരം :-
ജന്മിമാർക്ക് എതിരെ കർഷക കുടിയാന്മാരും 1946 -ൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടത്തിയ സമരത്തിൽ പങ്കെടുത്ത ജീവിച്ചിരിക്കുന്നവരിൽ പ്രധാനിയാണ് വി.എസ്. രാജവാഴ്ചക്കും ദിവാൻ ഭരണത്തിനുമെതിരെ നടന്ന പുന്നപ്രയിലെയും വയലാറിലെയും തൊഴിലാളിവർഗ്ഗ സമരങ്ങളും അതിനെ നേരിട്ട പട്ടാള വെടിവെപ്പും രക്തരൂഷിതമായ ചരിത്രത്തിന്റെ ഭാഗമാണ്. പാർട്ടി ചരിത്രത്തിന്റെ ഭാഗമായ അതിനിർണായകമായ ഈ സമരത്തിൽ പ്രധാനികളിലൊരാളാണ് വി. എസ്. പാർട്ടി നിർദ്ദേശ പ്രകാരം കോട്ടയത്തും പൂഞ്ഞാറിലും ഒളിവിൽ കഴിഞ്ഞശേഷം കെ.വി. പത്രോസിന്റെ നിർദ്ദേശപ്രകാരം ആലപ്പുഴയിൽ എത്തിയ വി.എസിനെ സായുധപരിശീലനം ലഭിച്ച സമരസഖാക്കൾക്ക് രാഷ്ട്രീയബോധം കൂടി നൽകുന്നതിന് പാർട്ടി ചുമതലപ്പെടുത്തുകയായിരുന്നു.
പുന്നപ്രയിൽ നിരവധി ക്യാമ്പുകൾക്ക് വി.എസ് അക്കാലത്ത് നേതൃത്വം നൽകി. ഒരു വളണ്ടിയർ ക്യാമ്പിൽ 300 മുതൽ 400 വരെ പ്രവർത്തകരാണ് ഉണ്ടായിരുന്നത്. അത്തരത്തിൽ മൂന്ന് ക്യാമ്പുകളുടെ ചുമതലയാണ് വി.എസിന് ഉണ്ടായിരുന്നത്. പുന്നപ്ര വെടിവെപ്പും എസ്.ഐ അടക്കം നിരവധി പൊലീസുകാർ മരിച്ചതും ദിവാൻ സി.പിയുടെ ഉറക്കംകെടുത്തി. അതിനുശേഷമാണ് പൂഞ്ഞാറിൽ നിന്ന് വി. എസ് അറസ്റ്റിലായത്. പാർട്ടിയെക്കുറിച്ചും നേതാക്കളെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്ക് ശരിയായ മറുപടി നൽകാത്തതിന്റെ പേരിൽ ക്രൂര മർദ്ദനത്തിനു ഇരയായി. രണ്ടു കാലുകളും ലോക്കപ്പിന്റെ അഴികളിലൂടെ പുറത്തെടുത്തു. തുടർന്ന് രണ്ടുകാലിലും ലാത്തിവെച്ച് കെട്ടി മർദ്ദിച്ചു. ഇ.എം.എസും കെ.വി. പത്രോസും എവിടെ ഒളിച്ചിരിക്കുന്നുവെന്ന ചോദ്യത്തിന് മറുപടി തേടിയായിരുന്നു മർദ്ദനം. മർദ്ദനം ശക്തമായപ്പോൾ വി. എസിന്റെ ബോധം നശിക്കുന്ന അവസ്ഥയായി. അവസാനം തോക്കിന്റെ ബയണറ്റ് ഉള്ളംകാലിലേക്ക് ആഞ്ഞുകുത്തി. പാദം തുളഞ്ഞ് അത് അപ്പുറത്തിറങ്ങി. അതോടെ പാലാ ആശുപത്രിയിൽ പൊലീസുകാർ വി.എസിനെ കൊണ്ട് വന്നു ഉപേക്ഷിച്ചു പോയി.
പാർട്ടി പ്രവർത്തനം :-
1940-ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്ന് പൊതു രംഗത്തു സജീവമായി. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനകീയ നേതാവായിരുന്ന പി.കൃഷ്ണപിള്ളയാണ് അച്യുതാനന്ദനെ പാർട്ടി പ്രവർത്തനരംഗത്തു കൊണ്ടുവന്നത്. പിന്നീടങ്ങോട്ട് പാർട്ടിക്ക് വേണ്ടി വിപ്ലവ പ്രവർത്തനങ്ങൾ നടത്തി. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലും ആലപ്പുഴ ജില്ലയിലെ കർഷകത്തൊഴിലാളികളുടെ അവകാശ സമരങ്ങളിലും പങ്കെടുത്തു. സർ സി.പി. രാമസ്വാമി അയ്യരുടെ പൊലീസിനെതിരെ പുന്നപ്രയിൽ സംഘടിപ്പിച്ച തൊഴിലാളി ക്യാമ്പിന്റെ മുഖ്യ ചുമതലക്കാരനായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി അംഗത്വമെന്നത് അത്ര സുരക്ഷിതമല്ലാതിരുന്ന അക്കാലത്ത് കൊടിയ മർദ്ദനങ്ങളും ജയിൽ ശിക്ഷയും അനുഭവിച്ചു. അഞ്ചു വർഷത്തോളം ഒളിവിൽക്കഴിഞ്ഞു. ഇന്ത്യ സ്വതന്ത്രമാവുകയും കേരള സംസ്ഥാനം രൂപീകൃതമാവുകയും ചെയ്യും മുൻപേ വി.എസ്. പാർട്ടിയുടെ നേതൃതലങ്ങളിലെത്തിയിരുന്നു. 1957-ൽ കേരളത്തിൽ പാർട്ടി അധികാരത്തിലെത്തുമ്പോൾ സംസ്ഥാന സമിതിയിൽ അംഗമായിരുന്ന ഒൻപതു പേരിൽ ഒരാളാണ്. ഇവരിൽ ഇന്നു ജീവിച്ചിരിക്കുന്നതും വി.എസ്. മാത്രം. പി. കൃഷ്ണ പിള്ളയുടെ പാത പിൻതുടർന്ന് പോരാട്ടത്തിന്റെ പുതുവഴികളിൽ നടന്ന അച്യുതാനന്ദൻ ജനകീയനായി. പാർട്ടിക്കകത്ത് എ.കെ.ജിയുടെ പിൻഗാമിയെന്നറിയപ്പെട്ടു.
സംഘടനാ രംഗത്ത് പടവുകൾ ചവിട്ടിക്കയറുമ്പോഴും അച്യുതാനന്ദന്റെ പാർലമെന്ററി ജീവിതം ഒട്ടേറെ തിരിച്ചടികൾ നേരിട്ടുണ്ട്. 1965-ൽ സ്വന്തം വീടുൾപ്പെടുന്ന അമ്പലപ്പുഴ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് ആദ്യമായി മത്സരിച്ചപ്പോൾ തോൽവിയായിരുന്നു ഫലം. കോൺഗ്രസിലെ കെ.എസ്. കൃഷ്ണക്കുറുപ്പിനോട് 2327 വോട്ടുകൾക്കായിരുന്നു തോൽവി. 1967-ൽ കോൺഗ്രസിലെ തന്നെ എ.അച്യുതനെ 9515 വോട്ടുകൾക്ക് തോൽപിച്ച് ആദ്യമായി നിയമസഭാംഗമായി. 1970ൽ ആർ.എസ്.പിയിലെ കെ.കെ. കുമാരപിള്ളയെയാണ് വി.എസ്. തോൽപ്പിച്ചത്. എന്നാൽ 1977-ൽ കുമാരപിള്ളയോട് 5585 വോട്ടുകൾക്ക് പരാജയപ്പെട്ടു. ഈ പരാജയത്തിനു ശേഷം കുറേക്കാലം പാർട്ടി ഭാരവാഹിത്വത്തിൽ ഒതുങ്ങിക്കഴിഞ്ഞു.
1991-ൽ മാരാരിക്കുളം മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്കു മത്സരിച്ചു. കോൺഗ്രസിലെ ഡി.സുഗതനെ 9980 വോട്ടുകൾക്കു തോല്പിച്ചു. എന്നാൽ 1996-ൽ കേരളത്തിലെ രാഷ്ട്രീയ വൃത്തങ്ങളെ അപ്പാടെ അമ്പരിപ്പിച്ചുകൊണ്ട് മാർക്സിസ്റ്റു പാർട്ടിയുടെ ഉറച്ചകോട്ടയായി കരുതപ്പെട്ടിരുന്ന മാരാരിക്കുളത്ത് അച്യുതാനന്ദൻ തോൽവിയറിഞ്ഞു. പാർട്ടിയിലെ തന്നെ ഒരു വിഭാഗമായിരുന്നു അച്യുതാനന്ദന്റെ തോൽവിക്കു പിറകിലെന്ന് പിന്നീടു നടന്ന പാർട്ടിതല അന്വേഷണങ്ങളിൽ തെളിഞ്ഞു. ഈ പരാജയം പക്ഷേ, പാർട്ടിയിൽ അച്യുതാനന്ദനെ ശക്തനാക്കി.
2001-ൽ ആലപ്പുഴ ജില്ല വിട്ട് മാർക്സിസ്റ്റു പാർട്ടിയുടെ ഉറച്ച സീറ്റായി ഗണിക്കപ്പെടുന്ന പാലക്കാട് ജില്ലയിലെ മലമ്പുഴ മണ്ഡലത്തിൽ നിന്നാണ് ജനവിധി നേടിയത്. എന്നാൽ കണ്ണൂർ ജില്ലയിൽ നിന്നു മത്സരിക്കാനെത്തിയ സതീശൻ പാചേനി എന്ന ചെറുപ്പക്കാരനുമേൽ 4703 വോട്ടിന്റെ ഭൂരിപക്ഷമേ നേടാനായുള്ളൂ. അതുവരെ എല്ലാ തിരഞ്ഞെടുപ്പുകളിലും സി.പി.എം. സ്ഥാനാർത്ഥികൾ ഇരുപതിനായിരത്തിലേറെ വോട്ടുകൾക്ക് ജയിച്ചുകൊണ്ടിരുന്ന മണ്ഡലമാണ് മലമ്പുഴ. 2006-ൽ ഇതേ മണ്ഡലത്തിൽ ഇതേ എതിരാളിയെ 20,017 വോട്ടുകൾക്കു തോൽപിച്ച് വി.എസ്. ഭൂരിപക്ഷത്തിലെ കുറവു നികത്തി.
1996-ൽ സി.പി.എംന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അനൌദ്യോഗികമായി അംഗീകരിക്കപ്പെട്ടിരുന്നെങ്കിലും മാരാരിക്കുളത്തെ തോൽവിയോടെ അതു നടക്കാതെപോയി. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടങ്ങളിൽ പാർട്ടിയുടെ സ്ഥാനാർത്ഥിപ്പട്ടികയിൽ നിന്നുതന്നെ ഒഴിവാക്കപ്പെട്ടിരുന്നെങ്കിലും പാർട്ടി പ്രവർത്തകർക്കിടയിലും പൊതുജനങ്ങൾക്കിടയിലും പ്രതിഷേധമുയർന്നതിനെത്തുടർന്ന് അദ്ദേഹത്തെ സി.പി.എം. മത്സരരംഗത്തിറക്കുകതന്നെ ചെയ്തു.
2006-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സി.പി.എം. ഉൾപ്പെടുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി വൻഭൂരിപക്ഷം നേടിയതോടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും സജീവമായി അച്യുതാനന്ദന്റെ പേരുയർന്നു വന്നു. 2006ൽ വിഎസ് അച്യുതാന്ദൻ മുഖ്യമത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
2011 മേയ് 13 ന് നടന്ന വോട്ടെണ്ണലോടെ മലമ്പുഴ മണ്ഡലത്തിൽ നിന്നും 23440 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. അഞ്ചുവർഷം കൂടുമ്പോൾ ഭരണം മാറുക എന്ന കേരളത്തിന്റെ പൊതുസ്ഥിതിക്ക് വ്യാത്യാസം വന്നില്ലെങ്കിലും കേരളത്തിൽ ഇടതുപക്ഷജനാധിപത്യ മുന്നണിയ്ക്ക് മികച്ച വിജയം നൽകി നിയമസഭയിൽ ഉയർന്ന പ്രാതിനിധ്യം നൽകാൻ വി. എസ്. അച്യുതാനന്ദന്റെ പ്രകടനം സഹായകമായി. തെരഞ്ഞെടുപ്പിൽ വി. എസ് ഫാക്ടർ ആഞ്ഞടിച്ചു എന്ന് പൊതുവെ വിലയിരുത്തപ്പെട്ടു. അഴിമതിവിരുദ്ധ പോരാട്ടത്തിൽ നീക്കുപോക്കുകളില്ലാത്ത സഖാവിന്റെ സമീപനം പൊതുസമൂഹത്തിൽ വലിയ ചലനങ്ങളുണ്ടാക്കി. അദ്ദേഹത്തിന്റെ വാക്കുകൾക്കായി തെരഞ്ഞെടുപ്പു പ്രചരണയോഗങ്ങളിൽ രാഷ്ട്രീയത്തിനതീതമായി ജനങ്ങൾ ഒഴുകിയെത്തി. 2011 -2016 കാലയളവിൽ കേരളത്തിന്റെ പ്രതിപക്ഷ നേതാവായി പ്രവർത്തിച്ചു. 2016 ൽ വീണ്ടും നിയമസഭ തെരഞ്ഞെടുപ്പിൽ ജയിക്കുകയും ചെയ്തു. ഇപ്പോൾ ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ സ്ഥാനം വഹിക്കുന്നു.
Comments
Post a Comment