VS
സ. വി.എസ് അച്ചുതാനന്ദന് ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ. ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയെ മുന്നിൽ നിന്ന് നയിച്ചു. ഏറ്റവും മികച്ച വിജയത്തിലേക്ക് തന്നെ നയിച്ചു. അദ്ദേഹം അടുത്ത കേരളാ മുഖ്യമന്ത്രി ആയിരിക്കുമെന്ന ഒരു പ്രതീതി സൃഷ്ടിച്ചു കൊണ്ടാണ് LDF തെരഞ്ഞെടുപ്പിനെ നേരിട്ടത്. അതിൻ്റെ ഗുണവും ലഭിച്ചു.
സമകാലിക കേരളത്തിൻ്റെ രാഷ്ട്രീയ മന:സാക്ഷി എന്ന നിലയിൽ കേരളത്തിൽ ഇന്നു ജീവിച്ചിരിക്കുന്ന ഏറ്റവും മഹാനായ രാഷ്ട്രീയ നേതാവാണ് സഖാവ്. വി.എസ്.
അദ്ദേഹത്തെ കേരളാ മുഖ്യമന്ത്രി സ്ഥാനത്ത് ഒരിക്കൽ കൂടി കാണാൻ കേരളത്തിലെ സ്ത്രീകൾ, യുവജനങ്ങൾ, ഇടതുപക്ഷ അനുഭാവികൾ , സാധാരണ ജനങ്ങൾ എന്നിവർ ആഗ്രഹിച്ചു. നിരാശരാകേണ്ടി വന്നു. സാരമില്ല.
92- വയസ് കഴിഞ്ഞിട്ടും അത്രമേൽ ഷാർപ്പായ ഒരു വ്യക്തിത്വവും അഴിമതി രഹിതമായ പൊതു ജീവിതവും ജനകീയമായ രാഷ്ട്രീയ കാഴ്ചപ്പാടുകളും ഉള്ള ഒരാളായി ലോക മാദ്ധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റി. കേരളത്തിൻ്റെ രാഷ്ട്രീയ മന:സാക്ഷി എന്ന് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നു.
പുന്നപ്ര വയലാർ സമര പങ്കാളിയായി മർദ്ദിച്ചൊതുക്കപ്പെട്ട സഖാവ് സ്വപ്രയത്ന സ്ഥൈര്യം കൊണ്ട് തൻ്റെ വിദ്യാഭ്യാസപരമായ പരിമിതികൾ അതിജീവിച്ച് ഇംഗ്ലീഷ് ഭാഷയിലും നിയമ- നീതിന്യായ ബോധത്തിലും ഭരണ നിർവഹണത്തിലും എല്ലാം അപ് ടുഡേറ്റായി മാറി. ഇത്രമേൽ സമർപ്പിതനായ ഒരു രാഷ്ട്രീയ നേതാവ് കേരളത്തിൽ മറ്റൊരാളില്ല. എന്നാൽ പാർട്ടിക്കുള്ളിൽ അദ്ദേഹം തുടക്ക കാലം മുതൽക്കേ മറ്റുള്ളവരാൽ അരികിലേക്ക് നീക്കി നിർത്തപ്പെട്ടു. വലിയ ബുദ്ധിജീവികളുടെയും ഉന്നത കുല ജനകീയ നേതാക്കന്മാരുടെയും കാലത്ത് ഒരു കയർത്തൊഴിലാളി നേതാവിന് പാർട്ടിക്കുള്ളിൽ ഉയർന്നു വരാൻ പ്രയാസകരമായിരുന്നു. അതു കൊണ്ട് ആരും ഒന്നും തളികയിൽ വെച്ചു കൊടുക്കാൻ ഇല്ലാത്ത - തലതൊട്ടപ്പന്മാരില്ലാത്ത - ഒരു അംബീഷ്യസായ നേതാവ് എന്ന നിലയിൽ സഖാവ് വി.എസ് തനിക്ക് കിട്ടേണ്ട സ്ഥാനമാനങ്ങളെല്ലാം ചോദിച്ചു വാങ്ങി. പിടിച്ചു വാങ്ങി. തൊഴിലാളി വർഗത്തിൻ്റെ നേതാവ് തൊഴിലlളി വർഗത്തിൽ നിന്നു തന്നെയാകണമെന്നു ശഠിച്ചു. സഖാവ് പിണറായി വിജയൻ അടക്കമുള്ള യഥാർത്ഥ തൊഴിലാളി വർഗ നേതാക്കന്മാരെ വളർത്തിയെടുത്തു.
എന്നാൽ പിന്നീട് അദ്ദേഹം നിരന്തരമായി വേട്ടയാടപ്പെട്ടു. ഒരു മുരടൻ തൊഴിലാളി വർഗ നേതാവ് എന്ന നിലയിൽ നിന്ന് നായനാരുടെ മരണശേഷം പെട്ടെന്ന് ജനകീയ നേതാവ് എന്ന നിലയിലേക്ക് അദ്ദേഹം വളർന്നു. പാർട്ടിയുടെ മെഷ്യനറിയെ അതിജീവിച്ച ജനകീയ വിപ്ല കാരി എന്ന ലെനിനിസ്റ്റ് പ്രതിച്ഛായ അദ്ദേഹത്തിനുണ്ടായി.
കർശ്ശനമായ സംഘടനാ ചട്ടക്കൂടിൻ്റെ ജീർണ്ണതക്കെതിരെയും നേതൃഭക്തിക്കെതിരെയും ചോദ്യം ചെയ്യാത്ത കീഴടങ്ങലിനെതിരെയും അദ്ദേഹം പൊരുതി. (ഒരിക്കൽ അദ്ദേഹവും ആ നിരയിൽ ഒരാളായിരുന്നു.) മദ്ധ്യവർഗ വൽക്കരണത്തിൻ്റെ അധികാര - ധനസമ്പാദന- മൂലധന രാഷ്ട്രീയത്തിനെതിരെയും നിലകൊണ്ടു. പാർട്ടിയിൽ പൂർണ്ണമായി ഒറ്റപ്പെട്ടു. എന്നാൽ ജനങ്ങൾ അദ്ദേഹത്തെ ഏറ്റെടുത്തു. മാദ്ധ്യമങ്ങളും നവ മാദ്ധ്യമങ്ങളും കലവറയില്ലാതെ പിന്തുണച്ചു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായി .
ഇപ്പോൾ അഴിമതിക്കും വർഗീയതക്കും എതിരായ പോരാട്ടത്തിൽ ഇടതു മുന്നണിയെ 91 സീറ്റോടെ ബഹുദൂരം മുന്നിലേക്ക് നയിച്ചു. അദ്ദേഹവുമായുള്ള ഏറ്റുമുട്ടലിലൂടെ CPM നു സ്വയം അതിൻ്റെ സ്റ്റാലിനിസ്റ്റ് കടുംപിടുത്തത്തിൽ നിന്ന് സ്വയം പുറത്തു വരേണ്ടി വന്നു. പാർട്ടിയെ പൊതു സമൂഹത്തിൻ്റെ ആഗ്രഹാഭിലാഷങ്ങളിലേക്ക് വീണ്ടും കണ്ണുതുറന്ന് പിടിക്കാൻ പഠിപ്പിച്ചു. ജനകീയ നേതാക്കന്മാരുടെ രാഷ്ട്രീയ ധർമ്മം മാതൃകാപരമായി തന്നെ കാണിച്ചു കൊടുത്തു.
ഇപ്പോൾ ജനം അദ്ദേഹത്തിലർപ്പിച്ച വൈകാരിക മൂലധന നിക്ഷേപം ഉപയോഗിച്ച് LDF വീണ്ടും അധികാരത്തിൽ വന്നു. മറ്റു നിരവധി ഘടകങ്ങളോടൊപ്പം വി.എസും ഈ തെരഞ്ഞെടുപ്പിൽ വലിയൊരു താരമായിരുന്നു. പെൺവാണിഭക്കാർക്കും ലോട്ടറി തട്ടിപ്പുകാർക്കും ഭൂമി കയ്യേറ്റക്കാർക്കും തൊഴിലാളി വർഗത്തിൻ്റെ കൂട്ടിക്കൊടുപ്പുകാർക്കും എല്ലാം അദ്ദേഹം ഒരു പേടി സ്വപ്നമായിരുന്നു.
ഇനി ഒരിക്കലും അദ്ദേഹം കേരളത്തിൻ്റെ മുഖ്യ മന്ത്രിയാവില്ല. പ്രതിപക്ഷ നേതാവുമാകില്ല. 92-ാം വയസ്സിലുള്ള ഈ ചെറുപ്പക്കാരൻ,
കേരളത്തിൻ്റെ രാഷ്ട്രീയ മന:സാക്ഷി , ഇനി അസ്തമയ ശോഭയിലേക്ക്
പിൻമടങ്ങുകയാണ്.
അഭിവാദ്യങ്ങൾ !!
നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ !!
Comments
Post a Comment